കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ സംഭവം; കേസെടുത്ത് പൊലീസ്

കണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.24 ദിവസത്തോളം കുഞ്ഞിന്‍റെ കാലില്‍ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്‌ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാണിച് അച്ഛൻ ശ്രീജു നല്‍കിയ പരാതിയിന്മേലാണ് നടപടി. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.

അതേസമയം ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്. ജനിച്ച്‌ രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജില്‍ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛൻ പറഞ്ഞു. ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച്‌ പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്