ഇന്ന് ലോക റേഡിയോ ദിനം.1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.വർഷവർഷം ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.
ഈ ഒരു ദിനം നമുക്ക് ശ്രോതാക്കളാവാൻ കണ്ണൂരിൽ ഒരു സ്‌കൂൾ റേഡിയോ പ്രക്ഷേപണം നടക്കുന്നുണ്ട്. പാപ്പിനിശ്ശേരി മാങ്കടവിൽ, കൊഞ്ചി കൊഞ്ചി കാതിൽ മധുരം നിറച്ച് അക്ഷര കുളിർമഴ നനഞ്ഞു അവർ സ്വരസഞ്ചാരം തുടരുകയാണ്. റേഡിയോ മങ്കടവിന്റെ കാര്യകർത്താക്കളും ശ്രോതാക്കളും സ്കൂളിലെ കുഞ്ഞു മക്കൾ തന്നെയാണ്. ഉച്ചഭക്ഷണത്തിന്റെ ഇടവേളകളിലെ സമയത്താണ് വേറിട്ട സ്വര സഞ്ചാരത്തിന്റെ ശ്രുതിമധുരം നിറയുന്നത്. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ നിന്നായി 26 പേരെയാണ് അവതരണത്തിനായി തെരഞ്ഞെടുത്തത്. പരിശീലനവും നൽകിയിട്ടുണ്ട്. ഒരു കൂട്ടം അധ്യാപകരുടെയും, രക്ഷാകർതൃ കൂട്ടായ്മയുടെയും വിജയമാണ് കുരുന്നു ചുണ്ടുകളിൽ നിന്നുയരുന്ന കഥയും, പാട്ടും വിജ്ഞാനവും വിനോദവും എല്ലാം…. നവംബർ ഒന്നാം തീയതി ആരംഭിച്ച റേഡിയോ മങ്കടവിൽ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ ആണ് പ്രക്ഷേപണം. എൽകെജി മുതൽ അഞ്ചു വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓരോ രക്ഷിതാക്കളെ കോഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾതലത്തിൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. അധ്യാപകരായ സിപി സുബൈദത്ത് ടിവി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ. ഇവയ്ക്കെല്ലാം ചുക്കാൻ പിടിക്കുന്നത് സ്കൂളിന്റെ പ്രധാന അധ്യാപകൻ കെ പി വിനോദ് കുമാറാണ്.
നിലവിൽ 15 പരിപാടികളാണ് പ്രക്ഷേപണം ചെയ്തു വരുന്നത്. വാർത്ത, റേഡിയോ പ്രക്ഷേപണം നടക്കുന്ന ദിവസങ്ങളിലെ പ്രത്യേകതകൾ ഓർക്കാൻ ഇന്നോർമ്മ, പാട്ടു പെട്ടി, മധുര പിറന്നാൾ, വായനാനുഭവം പങ്കുവെക്കുന്ന പുസ്തക ചങ്ങാത്തം, സ്വന്തം രചനകൾ അവതരിപ്പിക്കാൻ എന്റെഴുത്ത്, ശുചിത്വ പ്രവർത്തനവുമായി ബന്ധപ്പെട്ട് വൃത്തിയുള്ള മാങ്കടവ്. ശാസ്ത്ര സംബന്ധിയായ കണ്ടെത്തലുകൾക്ക് ശാസ്ത്രത്തിളക്കം മലയാള ഭാഷാ പോഷണവുമായി ബന്ധപ്പെട്ട് അമ്മ മലയാളം, ഇംഗ്ലീഷ് ഭാഷാപോഷണ പരിപാടിയായി ഇംഗ്ലീഷ് വൈബ്, കുട്ടികളിൽ പ്രകടമാകുന്ന നന്മകളെ കുറിച്ച് രക്ഷിതാക്കളുടെ അനുഭവങ്ങളുമായി നന്മവട്ടം, നാക്കുടക്കി കൃഷി ജാലകം, അതിഥിക്കൊപ്പം എന്നിവയാണ് നടന്നുവരുന്ന പരിപാടികൾ. പ്രോത്സാഹനവും പിന്തുണയുമായി പിടിഎയും ഒപ്പം ചേരുന്നത്തോടെ റേഡിയോ മാങ്കടവ് മറ്റൊരു അനുഭവ തലമാണ് കുട്ടികൾക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.ഓരോ ദിവസവും അവതരണത്തിനായി കുട്ടികളെ നേരത്തെ നിശ്ചയിക്കും, ഇതിനാൽ തന്നെയും എല്ലാവിധ തയ്യാറെടുപ്പുകൾക്കും കുട്ടികൾക്ക് സമയവും ലഭിക്കും. ഇതിലൂടെ റേഡിയോയുടെ പ്രസക്തി തിരിച്ചറിയുക കൂടിയാണ് ഈ കുട്ടിക്കൂട്ടം.
ഒരുകാലത്ത് ഏതൊരു മലയാളിയുടെയും പ്രഭാതങ്ങളെ തഴുകി ഉണർത്തിയിരുന്ന റേഡിയോ എന്ന സാമൂഹ്യ സാംസ്കാരിക ഉൽപ്പന്നത്തിന്റെ പ്രസക്തി ഇന്നത്തെ തലമുറയിലേക്ക് കൂടി പകർന്നു നൽകാൻ വിനോദ് മാഷും സംഘം നടത്തുന്ന പ്രയത്നത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. റേഡിയോ മാങ്കടവിന് ഉന്നതങ്ങളിലേക്കുള്ള ചുവടുകൾക്ക് ആശംസകൾ.